Aaram Thampuran- An in-depth analysis (Malayalam)

Author: The Last Caveman. Follow him on Twitter here

aaram thampuran poster

വീട്ടുകാര് തല്ലിപ്പഴുപ്പിച്ചെടുത്ത ബിടെക്കിന് ശേഷം ഇഷ്ടമില്ലാത്ത തൊഴിലിൽ പെട്ട് അടപടലം മൂഞ്ചിയിരിക്കുന്ന ആ അവസ്ഥയില്ലേ?

അതായിരുന്നു ജഗൻ എന്ന ജഗന്നാഥന്റെ അപ്പോളത്തെ അവസ്ഥ. ജഗന്റെ ബോസിന്റെ കാര്യമാണെങ്കിൽ പറയുകയേ വേണ്ട – ഭൂലോക ഫ്രോഡും വെള്ളിയാഴ്‌ച വൈകുന്നേരങ്ങളിൽ പോലും പുതിയ ടാസ്‌ക് തരുന്ന കണ്ണിൽ ചോരയില്ലാത്ത മൂരാച്ചിയും സർവോപരി ഒരു ബൂർഷ്വയും ആയ നന്ദകുമാറിന്റെ കീഴിൽ ജോലിയെടുക്കുക എന്ന് പറഞ്ഞാൽ ഏതാണ്ട് അടിമപ്പണി സീൻ ആണ്.

നന്ദകുമാറിന്റെ പണിക്കാരനാവുന്നതിന് മുൻപ് ഡൽഹിയിലെ ഏതോ പ്രമാദമായ ആർട് ഗാലറിയുടെ ക്യൂറേറ്ററായിരുന്നു ജെ.എൻ.യു. ബിരുദധാരി കൂടിയായ നമ്മുടെ ജഗൻ. ഈ ലിബറൽ ആർട്സ് ഒക്കെ പഠിച്ചാൽ നയാപൈസാ ശംബളം കിട്ടില്ല എന്ന് പറയുന്നത് എത്ര വാസ്‌തവം – അല്ലെങ്കിൽ ജഗന് ഇങ്ങനെ ഒരു ജോലി ഇപ്പോൾ ചെയ്യേണ്ടി വരുമോ? ഇനിയിപ്പോ തൊഴിൽസംതൃപ്‌തി ഉണ്ടോയെന്നു ചോദിച്ചാൽ.. ഈ ധാരാവിയിലെ ചേരി ഒഴിപ്പിക്കലിൽ നിന്നൊക്കെ എത്രയാണെന്ന്വെച്ച് കിട്ടും ഈ പറയുന്ന സംതൃപ്‌തി?

അങ്ങനെയിരിക്കെയാണ് വളരെയധികം നിർബന്ധബുദ്ധിയുള്ള ഒരു കസ്റ്റമറുമായി  അതി സങ്കീർണ്ണമായ ഒരു ഡീൽ ജഗൻ നേരിട്ടിടപെട്ട് ക്ലോസ് ചെയ്യുന്നത്; അതിന് പ്രത്യുപകാരമെന്ന പോലെ കേരളത്തിലെ ഏതോ ഓണംകേറാമൂലയിലുള്ള “കണിമംഗലം” എന്ന പഴയ ഒരു തറവാട് നന്ദകുമാർ വാങ്ങുന്നു, അവിടെ കുറച്ചു ദിവസം അടിച്ചു പൊളിക്കാനായി ഫാബ് ഇന്ത്യയിൽ നിന്നും പല കളറിലെ കുർത്തയൊക്കെ വാങ്ങി (ഇന്റെലെക്ച്വൽ ലുക്ക് വേണമല്ലോ, ജെ.എൻ.യു. അല്ലെ?) ജഗൻ ലാൻഡ് ചെയ്യുന്നു.

കേരളത്തിലെ കാറ്റടിച്ചതും ജഗന്റെയുള്ളിലെ ജാതി സ്പിരിറ്റ്  ഉണർന്നു – കണിമംഗലത്തെത്തിയ ജഗൻ ആദ്യം ചെയ്യുന്നത് അവിടുത്തെ ലോക്കൽ എൻ.എസ്.എസ്. കരയോഗത്തിലെ അങ്കിൾമാരുമായി ചേർന്ന് ഒരു “വൈകിട്ടെന്താ പരിപാടി?” സെറ്റപ്പുണ്ടാക്കുക എന്നതാണ്. അങ്കിൾമാരുടെ പേരിലുണ്ട് എല്ലാം – നംബീശൻ, പിഷാരടി, എഴുത്തച്ഛൻ, മംഗലം, പിള്ള. ഇവിടെ വെച്ച് തിരക്കഥാകൃത്ത് രഞ്ജിത്തിന്റെ തലയിൽ ഒരു സെക്യൂലർ തേങ്ങാ വീണത് കൊണ്ടാണെന്ന് തോന്നുന്നു, പേരിന് വേണ്ടി”ബാപ്പൂട്ടി”എന്ന ഒരു മുസ്‌ലിം സുഹൃത്തിനെയും  – അതും ജഗന് വേണ്ടി എന്തും ചെയ്‌യുന്ന “നല്ല മുസ്‌ലിം” സുഹൃത്തിനെ – കാമിയോ റോളിൽ ഇറക്കിയിട്ടുണ്ട്.

സിനിമയിലെ നായിക ആരാണെന്ന് ചോദിച്ചാൽ “ഉണ്ണിമായ” ആണോ അതോ “ജാതി” ആണോ എന്ന് സംശയിക്കേണ്ടി വരും. ജഗന്റെ സഹാനുഭൂതിക്കു പാത്രമാകുകഎന്ന ഒറ്റ കർമ്മം മാത്രമുള്ള ഉണ്ണിമായക്കുള്ളതിനേക്കാൾ സ്‌ക്രീൻ പ്രെസെൻസ് ഉണ്ട് ഏറെക്കുറെ എല്ലാ രംഗങ്ങളിലും നിറഞ്ഞു നിൽക്കുന്ന സവർണ്ണ പ്രൈഡ്. ഉണ്ണിമായയുടെ അച്ഛൻ ദത്തൻ തന്പുരാൻ ഒരു സ്‌ത്രീ ലംബടനായിരുന്നു അത്രേ. പുള്ളിക്കാരന് ജാതി അറിയില്ലാത്ത ഏതോ സ്‌ത്രീയിൽ ഉണ്ടായതാണത്രേ ഉണ്ണിമായ. പക്ഷെ പേടിക്കാനൊന്നുമില്ല, കാരണം ഒരു ഉയർന്ന ജാതിക്കാരിയുടെ എല്ലാ ഗുണങ്ങളും നന്മകളും ഉണ്ണിമായ വളർത്തച്ഛൻ വർമ്മയിൽ നിന്നും ഉൾക്കൊണ്ടിരിക്കുന്നു- എന്ന് സർട്ടിഫൈ ചെയ്‌തിരിക്കുന്നു നമ്മുടെ കരയോഗം അങ്കിൾസ്.

ഈ കണിമംഗലം (പണ്ടാരമടങ്ങിയ വീടിന്റെ പേര് തന്നെയാണ് നാടിനും, അപ്പൊ ഏകദേശം ഊഹിക്കാമല്ലോ?) ഒരു പുരാതന ജൻമി സെറ്റപ്പ് സ്ഥലമാണ്. ജഗൻ അവിടെ താമസം തുടങ്ങിയതും നാട്ടാരൊക്കെ പുള്ളിയെ “തന്പുരാൻ” എന്ന് വിളി തുടങ്ങി; നന്ദകുമാറിന്റെ അടിമപ്പണി ചെയ്‌ത്‌ കൊഞ്ഞാട്ടയായിരുന്ന ജഗന് സംഗതിസുഖിക്കുകയും ചെയ്‌തു. കിട്ടിയ ചാൻസ് കളയാതെ ഇത് ഒരു “റീസ്‌കില്ലിങ് – റീബ്രാൻഡിങ് – കരിയർ റീലോഞ്ചിങ് ഒപ്പോർട്ടുണിറ്റി” എന്ന് ഉറപ്പിച്ച ജഗൻ, ഇപ്പോളത്തെ സങ്കികളെ വെട്ടിക്കുന്ന രീതിയിലുള്ള അമിട്ടുകളും ഗുണ്ടകളും കണ്ണിൽ കാണുന്നവരോടൊക്കെ ലാവിഷായി എഴുന്നള്ളിക്കാനും തുടങ്ങി.

ജഗൻ ഒരു കാമദേവനാണ് എന്ന ഫീൽസ് ഉണ്ണിമായയിൽ ഉണ്ടാക്കാൻ വേണ്ടി മാത്രം ഒരു “പരിഷ്‌കാരി” (രഞ്ജിത്തിന്റെ കാഴ്ചപ്പാടിൽ) സ്‌ത്രീ കഥാപാത്രത്തെ അതിഥിവേഷത്തിൽ ഇറക്കുന്നുണ്ട്. പുള്ളിക്കാരി വന്ന് എയർപോർട്ട് അന്നൗൺസ്‌മെന്റ് പോലെ “പാരീസ് ആംസ്റ്റർഡാം ജനീവ” എന്നൊക്കെ പറഞ്ഞു ചിലഇന്റെലെക്ച്വൽ (രഞ്ജിത്തിന്റെ കാഴ്ചപ്പാടിൽ) മോണോലോഗുകൾ അടിക്കുന്നു. എന്തരോ എന്തോ..

എന്തായാലും ജഗൻ ഒരു കാമദേവനാണ് എന്ന തേർഡ് പാർട്ടി വെരിഫിക്കേഷൻ കിട്ടിയ ഉണ്ണിമായക്ക് ജഗനോട് കലശലായ പ്രേമം, ജഗന് തിരിച്ചും. ഇത് പരസ്‌പരംവെളിപ്പെടുത്തിയതിന് ശേഷം ചിത്രത്തിലെ ഉണ്ണിമായയുടെ റോൾ എന്ന് പറയുന്നത് ജഗനെ പ്രേമപുരസരം കടാക്ഷിക്കുക എന്നത് മാത്രമായി ചുരുങ്ങുന്നു.

അങ്ങനെ വീണ്ടും തൊഴിൽസംതൃപ്‌തിയെ കുറിച്ച് ചിന്തിച്ചു തുടങ്ങിയ ജഗന് കരയോഗം അങ്കിൾസ് ഒരു ഘടാഘടിയൻ പ്രൊജക്റ്റ് ഓഫർ ചെയ്യുന്നു – അതായത് കൊളപ്പുള്ളി അപ്പൻ എന്ന ലോക്കൽ മാടമ്പിയിൽ നിന്നും കണിമംഗലത്തെ രക്ഷിക്കുക, അങ്ങേരായിട്ട് മുടക്കിയിട്ടിരിക്കുന്ന ജനരക്ഷായാത്ര വീണ്ടും നടത്തുക. ജോബ് സാറ്റിസ്ഫാക്ഷൻ കഴിഞ്ഞല്ലേ മറ്റെന്തും ഉള്ളൂ? അത് കൊണ്ട് ജഗൻ തംബ്രാൻ പ്രൊജക്റ്റ് രണ്ട് കയ്യും നീട്ടി സ്വീകരിക്കുന്നു.

പ്രൊജക്റ്റ് ഏറ്റ ജഗൻ തംബ്രാൻ അപ്പോളാണ് ഒരു ക്രിട്ടിക്കൽ റിസോഴ്സ് ഇല്ല എന്ന ആ സത്യം അറിയുന്നത് – ജനരക്ഷായാത്രയുടെ പ്രൊജക്റ്റ് മാനേജർ റോൾചെയ്യാൻ ഒരു ബ്രാഹ്മണൻ തന്നെ വേണമത്രേ! സുരേഷ് ഗോപിക്ക് ഉടനെ ടെലിഗ്രാം അടിച്ചെങ്കിലും “അടുത്ത ജന്മത്തിൽ നോക്കാം ജസ്റ്റ് റിമെംബെർ ദാറ്റ്, ഷിറ്റ്” എന്ന മറുപടി കൊടുത്തു പുള്ളി തലയൂരി.

അങ്ങനെ ക്രിട്ടിക്കൽ റിസോഴ്സ് ഇല്ലാത്തതിന്റെ സെന്റി കഥയൊക്കെ പറഞ്ഞിരിക്കുന്ന കൂട്ടത്തിൽ കരയോഗം അങ്കിൾസ്, പണ്ട് മോഷണ കുറ്റം ആരോപിക്കപ്പെട്ട്ആത്മഹത്യ ചെയ്‌ത ഒരു ബ്രഹ്മദത്തൻ നമ്പൂതിരിയുടെ കഥയും പറയുന്നു, തുടർന്ന് ജഗന്റെ വക വെളിപ്പെടുത്തൽ – ആ നമ്പൂരിയുടെ മകനാണത്രെ ജഗൻ! അപ്പൊ ജനരക്ഷായാത്ര വീണ്ടും ബാക്ക് ഓൺ ഷെഡ്യൂൾ!

ജനരക്ഷായാത്ര തുടങ്ങുന്നതിന്റെ തലേദിവസം ദാ വരുന്നു മൂരാച്ചി ബോസ് നന്ദകുമാറും അയ്യാളുടെ കുറേ കടിമൂത്ത കൂട്ടുകാരും. ആഗമനോദ്ദേശ്യം തന്നെ”ഹണ്ടിങ്” ആണ് – എന്ന് വെച്ചാ അത് തന്നെ, നാട്ടിൻപുറത്തെ സ്‌ത്രീകളെ കേറി മേയുക. ആ മേച്ചിൽ ഉണ്ണിമായയുടെ നേരെ തിരിയുന്നതും ജഗന്റെ സമനിലതെറ്റുന്നു; തുടർന്ന് ജഗൻ ബോസിന്റെ കൂട്ടുകാരെ ധാരാവി മോഡലിൽ ഒഴിപ്പിക്കുകയും ബോസിനെ ആ പണ്ടാരമടങ്ങിയ വീടിന്റെ സ്റ്റോർ മുറിയിൽ അടച്ചിടുകയുംചെയ്യുന്നു. ബോസിനോടുള്ള പഴയ കലിപ്പ് ഇപ്പോളും തീർന്നിട്ടില്ലാ എന്നർത്ഥം.

അങ്ങനെ കൊട്ടിഘോഷിച്ച ജനരക്ഷായാത്ര തുടങ്ങുന്നു. പേര് കേട്ടപ്പോ ഒരു ഗുമ്മൊക്കെ ഉണ്ടായിരുന്നെങ്കിലും സംഗതി ഒരു ചീള് പരിപാടിയാണ് – ഒരു വാളും പിടിച്ചുകരയോഗം അങ്കിൾസ് എല്ലാം കൂടി ഒണങ്ങി വരണ്ടു കിടക്കുന്ന ഒരു പുഴയിലൂടെ ഒരു നടത്തം, അത്രേയുള്ളു ജനരക്ഷായാത്ര!

അതിന്റെയിടയിൽ കൊളപ്പുള്ളി അപ്പൻ കുമ്മനടിക്കാൻ ശ്രമിക്കുന്നു, ധാരാവി എക്സ്പീരിയൻസ് ഒക്കെയുള്ള ജഗൻ അല്ലറ ചില്ലറ നമ്പരൊക്കെ ഇറക്കുന്നു, അത് കാണുന്ന കൊളപ്പുള്ളി അപ്പൻ നൈസായിട്ട് അമിട്ടടിക്കുന്നു; അതോടെ ജനരക്ഷായാത്ര ശുഭം.

തിരിച്ചു കണിമംഗലത്ത് (പണ്ടാരമടങ്ങിയ വീട്ടിൽ) എത്തിയ ജഗന് ബോസ് ഓൺ ദി സ്‌പോട് പിങ്ക് സ്ലിപ്പ് കൊടുക്കുന്നു; പക്ഷെ പുതിയ സ്‌കിൽ സെറ്റുകൾ റെസ്യുമെയിൽ ചേർത്തത്തിന്റെ  സന്തോഷത്തിൽ ഉണ്ണിമായയെയും വളർത്തച്ഛൻ വർമ്മയേയും കൂട്ടി ജഗൻ കണിമംഗലത്തു നിന്നും ഇറങ്ങുന്നു. ക്വിന്റൽ കണക്കിന്  ജോബ് സാറ്റിസ്‌ഫാക്ഷൻ ഉള്ള പുതിയ പ്രൊജെക്ടുകൾ കിട്ടാൻ സഹായിക്കും എന്ന് ജഗൻ കരുതുന്ന ആ റെസ്യുമെ ദേ ഇതാണ്:

 

Jaggu resume

Read the English version by Arya Prakash here 🙂

8 thoughts on “Aaram Thampuran- An in-depth analysis (Malayalam)

  1. റെസ്യൂമെയിൽ വിട്ടുപോയ കാര്യങ്ങളുണ്ട്..യമുനയുടെ കരയിൽ നക്ഷത്രമെണ്ണൽ, ഹിന്ദുസ്ഥാനി സംഗീതം, ഹാർമോണിയം, സിത്താർ, ഏൽപ്പിക്കുന്ന ജോലി നാലാമത്തെ പെഗ്ഗിൽ ice ക്യൂബ് ഇടുന്നതിന് മുൻപേ ചെയ്തു തീർക്കൽ, വേദ വേദന്തങ്ങളിൽ അവഗാഹം, അതിശയ പത്തിരിയും ബീഫും കഴിക്കൽ….

    Liked by 1 person

  2. Pathetic…you don’t know what was cinema in the past. That’s ok kid.. you will understand it on the way… Wait for your time!!

    Like

  3. സിനിമ കണ്ടപ്പോൾ അങ്ങിങ്ങായി ചില spelling mistake ക്കുകൾ… എന്താണ് പ്രശ്നമെന്ന് പെട്ടന്നങ്ങ് മനസ്സിലാവൂലല്ലോ … അങ്ങനെ അല്ലെ എന്നെ വളർത്തിയത്… തലയിൽ വച്ചാൽ….🤗

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s