The King meets The Truth- An in-depth analysis (Malayalam)

Translated by The Last Caveman. Follow him on Twitter here. You can find the English version by Arya Prakash, here.

ജനിച്ചപ്പോൾ തന്നെ വേർപിരിയേണ്ടി വന്ന, എന്നാൽ രണ്ട്  ജന്മി കുടുംബങ്ങളിൽ തന്നെ വളർന്ന ഇരട്ട സഹോദരന്മാർ: തേവള്ളിപ്പറമ്പിൽ ജോസഫ് അലെക്സും ഭരത് പട്ടേരിയും.

ഒരിക്കൽ പോലും തമ്മിൽ കാണാതെ വെവ്വേറെ വീടുകളിലാണ് വളർന്നതെങ്കിലും പ്രായപൂർത്തിയായപ്പോളേക്കും തമ്മിൽ തിരിച്ചറിയാൻ സാധിക്കാത്ത വിധം അഭിന്നമായ വ്യക്തിത്വത്തങ്ങൾക്ക് ഉടമകളായി തീർന്നു നമ്മുടെ ജോസഫും ഭരത്തും.

ഏറെക്കുറെ.

ചില്ലറ വ്യത്യാസങ്ങളൊക്കെ ഉണ്ട്:

ജോസഫ് ഐഎഎസ് എടുത്ത് (സെമിനാരിയിൽ നിന്നും ചാടിപ്പോയതിന് ശേഷം) ജില്ലാ കളക്ടർ ആയി; ഭരത് ഡൽഹിയിലെ കേന്ദ്ര ആഭ്യന്തര മന്ത്രായലത്തിന്റെ കീഴിലുള്ള SITയുടെ തലവൻ ആയി.

ജോസഫിന് വിട്ടുമാറാത്ത താരന്റെ അസ്‌ക്യതയുണ്ട്, സ്ഥലകാലബോധമില്ലാതെ തലയുടെ പിൻഭാഗത്തെ മുടി ചൊറിയുമ്പോൾ മുഖത്തു മിന്നിമറയുന്ന ഭാവങ്ങളിൽ ഉണ്ട്, ആ ചൊറിയുടെ അളവ്.

ഭരത്തിന്റെ പ്രശ്നം അനിയന്ത്രിതമായ കൈത്തരിപ്പാണ്, എപ്പോ നോക്കിയാലും ഒരു ബോൾ പോയിന്റ് പേനയെടുത്തു അന്തോം കുന്തോം ഇല്ലാതെ ക്ലിക്ക് ചെയ്തുകൊണ്ടേ ഇരിക്കുന്നത് കാണാം.

സെമിനാരിയുടെയും ഐഎഎസ് അക്കാദമിയുടെയും ഇടക്കെപ്പോളോ ജോസഫ് റെയിൽവേ അനൗൺസർ ആയി ജോലി നോക്കിയിട്ടുണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു; ഇടക്കിടെ ഒരേ നെടുനീളൻ ഡയലോഗ് ആദ്യം ഇംഗ്ലീഷിലും പിന്നെ മലയാളത്തിലും പറയുന്നത് കാണാം.

ഭരത്ത് SITയിൽ കയറുന്നതിന് മുൻപെപ്പോഴോ കുറച്ചു നാൾ ഐടി കമ്പനിയിൽ ജോലി ചെയ്യുകയും അവിടെ നിന്നും രണ്ട് മാസത്തേക്ക് അമേരിക്കയിൽ ഓൺസൈറ്റ് പോകുകയും ചെയ്‌തിരിക്കുന്നു എന്ന് തോന്നുന്നു – എല്ലാ ഡയലോഗും പറഞ്ഞു തുടങ്ങുമ്പോൾ കട്ട അമേരിക്കൻ അക്‌സെന്റ്, പക്ഷെ പകുതി ആകുമ്പോളേക്കും സംഭവം പിന്നേം ഒറ്റപ്പാലം.

ഈ ചില്ലറ വ്യത്യാസങ്ങൾ ഒഴിച്ചാൽ രണ്ടാളും ഒരേ അച്ചിൽ വാർത്ത, ശരാശരി സ്‌ത്രീവിരുദ്ധ മല്ലു ഗയ്‌സ് തന്നെ.

ഏറ്റെടുക്കുന്ന ഓദ്യോഗിക കർത്തവ്യങ്ങളിൽ പോലും ഉണ്ട് സാമ്യങ്ങൾ: ജോസഫ് അന്വേഷിക്കുന്നത് ലഹളയാണെങ്കിൽ ഭരത് അന്വേഷിക്കുന്നത് ബോംബ് സ്‌ഫോടനം.

ബുദ്ധിയുടെ കാര്യത്തിൽ ജോസഫ് ഒരു പൊടിക്ക് മുൻപിലാണ് – കേസ് ഏറ്റെടുത്ത ഉടൻ തന്നെ പ്രതികൾ സ്ഥലത്തെ എംപിയും പോലീസ് കമ്മീഷണറും ആണ് എന്ന കാര്യം ജോസഫ് കണ്ട് പിടിച്ചു; ഇനി തെളിവുണ്ടാക്കുക എന്ന പരിപാടി മാത്രമേ ബാക്കിയുള്ളു. അതിന്റെ ഭാഗമായി ജോസഫ് കണ്ണിൽ കാണുന്ന ആളുകളെയെല്ലാം മെക്കിട്ട് കയറുന്നു, തല ചൊറിയുന്നു, 10 മാർക്കിന്റെ എസ്സേ രൂപത്തിൽ ഉള്ള ഗീർവാണങ്ങൾ ആദ്യം ഇംഗ്ളീഷിലും പിന്നെ മലയാളത്തിലും പറയുന്നു.. ഇടി വെട്ടിയവനെ കിച്ച്ഡി കഴിപ്പിക്കുക എന്നൊക്കെ പറയുന്ന പോലെ ഹിന്ദിയിൽ ഛര്‍ദ്ദിക്കാൻ വിക്രം ഖോർപ്പടെ എന്ന ഒരു അധോലോക നായകനും, ഗസ്റ്റ് റോളിൽ തമിഴ് പോലെ എന്തോ പുലംബുന്ന സുരേഷ് ഗോപിയും കൂടെ വരുന്നതോടെ ഇത് സിൽമയാണോ അതോ പഴയ ദൂരദർശന്റെ “മിലെ സുർ മേരാ തുമാരാ..” പാട്ടിന്റെ സിൽമാ ആവിഷ്‌കാരം ആണോ എന്ന് ആരും സംശയിച്ചു പോകും.

ആദ്യമേ തന്നെ പ്രതികളെ കണ്ട് പിടിച്ച ജോസഫിന് വേറെ പണിയൊന്നും ഇല്ലാത്ത കൊണ്ടാണെന്ന് തോന്നുന്നു, അസിസ്റ്റന്റ് കളക്ടർ ആയി വന്ന അനുരാധ മുക്കർജി എന്ന സ്‌ത്രീയെ “അനലൈസ്” ചെയുക എന്നതാണ് ജോസെഫിന് ഓഫീസിൽ ആകെയുള്ള ടാസ്‌ക്. കാഴ്ചയിലും ആറ്റിട്യൂഡിലും മോഡേൺ ആയ യുവതി ആയിപ്പോയി എന്നത് കൊണ്ടും, സ്മാൾ അടിക്കും എന്നത് കൊണ്ടും അരുണ മുക്കർജി ഒരു “ഫ്രീക്കത്തി” ആണ് എന്നുറപ്പിച്ചു ജോസഫ്, അവരെ ചൊറിഞ്ഞു ചൊറിഞ്ഞു ഒരു അവസ്ഥയാക്കി. ഒടുവിൽ സഹികെട്ട മുക്കർജി ഈ മോറൽ സയൻസ് വാധ്യാരുടെ ശല്യം ഒഴിവാക്കാൻ വേണ്ടി സാരിയൊക്കെ ചുറ്റാനും ജോസഫിനോട് കടുത്ത ആരാധന ആണെന്ന് അഭിനയിക്കാനും തുടങ്ങി.

ഭരത് ആണെങ്കിൽ ശരിക്കും പെട്ട്; ഒരു മൂഞ്ചിയ കേസാണ് പുള്ളിക്ക് കിട്ടിയിരിക്കുന്നത്. അതും പോരാഞ്ഞിട്ട് അയ്യാളുടെ അച്ഛൻ ഫുൾ ടൈം കഞ്ചൻ ആണോ എന്ന് തോന്നിക്കുന്ന മട്ടും ഭാവവുമുള്ള ഒരു കുട്ടൂസൻ മന്ത്രവാദി. ടൌൺ പോലീസ് സ്റ്റേഷനിലെ തെളിയാത്ത കേസ് ഒക്കെ പുള്ളിയാണ് തെളിയിക്കുന്നത് – പുള്ളി ഹൈ ആയിക്കഴിയുമ്പോൾ വായിൽ തോന്നുന്നതൊക്കെ വിളിച്ചു പറയും, പോലീസുകാര് അതൊക്കെ എഴുതിയെടുത്തോണ്ട് പോകും.

ഒരു മന്ത്രി ബോംബ് സ്‌ഫോടനത്തിൽ പൊകയായ കേസ് അന്വേഷിക്കാനാണ് ഭരത് വന്നിരിക്കുന്നത്. ഒരു സ്‌ത്രീയാണ്‌ കില്ലർ എന്ന് തുമ്പുകൾ സൂചിപ്പിക്കുന്നു. ഭരത് ആരാ മോൻ? ഫിംഗർപ്രിന്റിലേക്ക് ഒരൊറ്റ നോട്ടം, എന്നിട്ട് ഒരു പ്രഖ്യാപനം: “This does not look like a woman’s fingerprints, killerwoman is a man!”

മ്യാരകം! ശശി തരൂർ എങ്ങാനും ഇത് കണ്ടിരുന്നെങ്കിൽ അപ്പൊ ട്വീറ്റ് ചെയ്‌തേനെ: “Exasperating farrago of distortions, misinterpretations, and outright lies in forensic medicine!”

ജോസഫിനെ പോലെ തന്നെ ഭരത്തിന്റെയും മെയിൻ പണി എന്ന് പറയുന്നത് സഹപ്രവർത്തകയായ മീനാ നമ്പ്യാർ എന്ന ഐപിഎസ് ഓഫീസറെ ചൊറിയുക എന്നതാണ്. ഇവിടെയും സംഭവിക്കുന്നത് അത് തന്നെ – മീനാ നമ്പ്യാർ സാരിയുടുക്കുന്നതോടെ ഭരത്തിന്റെ ചൊറിയും തീരുന്നു; തുടർന്ന് രണ്ട് പേരും ഒത്ത് ചേർന്ന് കേസ് അന്വേഷിക്കുന്നു, സ്റ്റേറ്റ് പോലീസിന്റെ ഡിജിപി തന്നെയാണ് കില്ലർ എന്ന് കണ്ടെത്തുന്നു, ശുഭം.

വാൽക്കഷണം:

“ദി കിംഗ്” ഇറങ്ങിയത് 1995-ഇൽ, “ദി ട്രൂത്” 1998-ഇലും.

സംഭവം കിംഗും ട്രൂതും പ്രഥമദൃഷ്‌ടിയാൽ വേവ്വെറെ സിൽമകൾ ആണെങ്കിലും അവ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു എന്ന് തന്നെ വേണം കരുതാൻ. മമ്മൂട്ടിയും തക്കം പാർത്തിരിക്കുകയായിരുന്നല്ലോ, ഈ പഴയ കൂതറ വൈൻ എങ്ങനെ ബ്രാൻഡ് ന്യൂ കുപ്പിയിൽ ഇറക്കാം എന്ന ഒരു സമസ്യയുമായി..

പഴയ കൂതറ വൈൻ പുതിയ കുപ്പിയിൽ ഇറക്കാനുള്ള റെസിപ്പി:

wine_recipe

 

4 thoughts on “The King meets The Truth- An in-depth analysis (Malayalam)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s