മലയാളം സിനിമ ’90കളിൽ: സമഗ്രമായ ഒരു പഠനം

Unni

’90കളിലെ മലയാളം സിനിമകളെ കുറിച്ച് ഗവേഷണം നടത്തികൊണ്ടിരിക്കുന്ന ജൂഡോ അന്തോണിയോ കുമ്മാട്ടിക്കാസ് എന്ന ഇറ്റാലിയൻ പണ്ഡിതന്‍, നാസയുടെ ഉപഗ്രഹങ്ങൾ ഉപയോഗിച്ച് ആ കാലഘട്ടത്തിലെ നൂറോളം സിനിമകൾ വിശകലനം ചെയ്തപ്പോൾ കണ്ടെത്തിയതാണ് ഈ ഞെട്ടിപ്പിക്കുന്ന വാസ്തവം: ’90കളിൽ ഇറങ്ങിയ മിക്ക സിനിമകളുടെ ഉള്ളിലും, ഒരു “മാസ്റ്റർ സിനിമ” ഒളിഞ്ഞിരിപ്പുണ്ട്. ഈ ഡാവിഞ്ചിയുടെ ചിത്രങ്ങളൊക്കെ xray എടുത്തപ്പോൾ അതിന്റെയുള്ളിൽ വേറെ മാസ്റ്റർപീസുകൾ ഒളിഞ്ഞിരിപ്പുണ്ട് എന്ന് കണ്ടെത്തിയ പോലെ.

കുമ്മാട്ടിക്കാസ് കണ്ടെത്തിയ ആ “മാസ്റ്റർ സിനിമയുടെ” ശരീരഘടന ഏകദേശം ഇങ്ങനെയാണ്:

സിൽമയുടെ തുടക്കത്തിൽ ഒരു പ്രഭാതം സീൻ; നെൽപ്പാടം, പുഴ, പക്ഷികൾ, ഇടക്കയുടെ ശബ്ദം മിക്സ് ചെയ്ത ബിജിഎം; തറവാട്ടിലെ അടുക്കള; അവിടെ കസവ് സാരിയൊക്കെ ഉടുത്തു പ്രസന്നവദനയായി ദോശ ചുടുന്ന അമ്മ;

ഹാഫ് സാരിയുടുത്തു ടൈപ്പ് റൈറ്റിംഗ് ക്‌ളാസ്സിൽ പോകാൻ റെഡിയായി നിൽക്കുന്ന ഇളയ സഹോദരി ദോശയിലേക്ക് നീട്ടിയ കൈ തട്ടി മാറ്റുന്ന അമ്മ, “പോയി ഉണ്ണിയെ വിളിക്കെടി” എന്ന ഓർഡർ ഇടുന്നു; അങ്ങനെ നായകൻ ഉണ്ണിയുടെ ഇൻട്രോ.

മലയാളി പൗരുഷത്തിന്റെ പ്രതീകമാണ് ഉണ്ണി – കട്ടിമീശ, മുണ്ട്, സൈഡ് ചെരിഞ്ഞുള്ള നടത്തം, പോരാത്തതിന് പോത്തിനെ പോലെ വളർന്നിട്ടും രാവിലെ “എടീ! എന്റെ തേച്ച ഷർട്ട് കാണുന്നില്ലാ!” എന്ന് പെങ്ങളോട് തൊള്ള തുറക്കുന്ന പുരുഷകേസരി. തുടർന്ന്, ദോശ ചുടുമ്പോൾ ഉണ്ടായിരുന്ന അതേ പ്രസന്നതയോടെ, നായകന്റെ ഷർട്ടുമായി പെങ്ങളും ജെട്ടിയുമായി അമ്മയും വരുന്നു.

അങ്ങനെ ആ സന്തുഷ്ട കുടുംബത്തിലെ അംഗങ്ങളെ എല്ലാം സിൽമയുടെ ഓപ്പണിംഗ് സീനിൽ തന്നെ എസ്ടാബ്ലിഷ്‌ ചെയ്യുന്നു.

ഉണ്ണി ദോശ കഴിച്ചു തുടങ്ങുന്നതും ഉണ്ണിയുടെ കൂട്ടുകാരൻ ഇടിച്ചു കയറി വരുന്നു. കൂട്ടുകാരന് സ്വന്തം വീടും കുടിയും ഒക്കെ ഉണ്ടെങ്കിലും പുള്ളി ഉണ്ണിയുടെ വീടാണ് സ്വന്തം വീടായി കരുതിയിരിക്കുന്നത്. പുള്ളിയും ദോശ കഴിക്കുന്നു, ഒന്ന് രണ്ട് ചളുവടിക്കുന്നു എന്നിട്ട് നായകന്റെ കൂടെ പുറത്തേക്കിറങ്ങുന്നു. ഈ പോയിന്റിൽ “ഓഹോ അപ്പോൾ നായകൻ തൊഴിൽരഹിതനാണ്” എന്ന് ആസ്വാദകർ ചിന്തിച്ചു തുടങ്ങിയിട്ടുണ്ടാവും. പക്ഷെ അവിടെയാണ് ട്വിസ്റ്റ്.

//pagead2.googlesyndication.com/pagead/js/adsbygoogle.js

(adsbygoogle = window.adsbygoogle || []).push({
google_ad_client: “ca-pub-9996376600733489”,
enable_page_level_ads: true
});

ഉണ്ണിയും കൂട്ടുകാരനും നടന്ന് പോകുന്നത്  കാണുന്ന സ്‌ഥലത്തെ അങ്കിൾ തൊഴിലാളി യൂണിയൻ അംഗങ്ങൾ, ആൽമരത്തിന്റെ ചുവട്ടിലുള്ള യൂണിയൻ ആപ്പീസിൽ ഇരുന്ന് കൊണ്ട് പറയുന്നു: “നമ്മുടെ മരിച്ചു പോയ പ്രഭാകര വർമ്മയുടെ മകൻ ഉണ്ണി ആള് ഒരു സകലകലാവല്ലഭൻ തന്നെയാണ്! പാട്ട്, ഡാൻസ് എന്ന് വേണ്ട എല്ലാത്തിലും ബഹുകേമൻ!  അറിയ്വോ, മദ്രാസ് ഐഐടിയിൽ നിന്നും ഗോൾഡ് മെഡൽ മേടിച്ചു പാസ്സായിട്ടും ഈ കുഗ്രാമത്തിൽ തന്നെ ഉണ്ണി എന്താ നിന്ന് കളഞ്ഞെന്ന്? നമ്മുടെ നാടിനോടും നാട്ടാരോടും ഈ പുഴയോടും ഹരിതാഭയോടും ഒക്കെ ഉള്ള സ്നേഹം, അത്ര തന്നെ!”(കൂട്ടുകാരൻ ഐഐടി ആണോ ഐഐഎം ആണോ എന്നൊന്നും ആരും പറയുന്നില്ല കാരണം ചളുവടിക്കുക എന്ന അവതാരലക്ഷ്യം മാത്രമേ പുള്ളിക്കുള്ളു)

പിന്നെയുള്ളത് പുഴയിലോ കുളത്തിലോ അരക്കൊപ്പം വെള്ളത്തിൽ നിന്ന് 34D moobs പ്രദർശിപ്പിക്കുന്ന നായകനും കരയിൽ ഇരിക്കുന്ന കൂട്ടുകാരനും തമ്മിലുള്ള സംഭാഷണം. വിഷയം സ്ത്രീവിഷയം തന്നെ; കുറച്ചു കൂടി തെളിച്ചു പറഞ്ഞാൽ “സ്ത്രീ ഇല്ലാത്ത വിഷമം”. എന്ന് വെച്ചാൽ സ്വയംസേവ മാത്രമേ കുറെ കാലമായി നടക്കുന്നുള്ളൂ എന്നർത്ഥം.

ഉടായിപ്പ്‌ ഫിലോസഫി വിളമ്പുന്ന അസ്ക്യത ഉള്ള ഉണ്ണി, ഗബ്രിയേൽ മാർക്വെസിന്റെ ഒരു വരി പറയുന്നു, പിന്നെ പണ്ട് ഐഐടിയിൽ എക്സ്ചേഞ്ച് സ്റുഡന്റ് ആയി വന്ന “Claude” എന്ന ഫ്രഞ്ച്കാരിയുടെ മടിയിൽ തലവെച്ചു കിടന്ന് പാബ്ലോ നെരൂദയുടെ കവിത കേട്ട കഥ പറയുന്നു. പക്ഷെ ഇതൊക്കെയാണെങ്കിലും തന്റെ യഥാർത്ഥ പ്രേമം ഇപ്പോഴും ബാല്യകാലസഖിയായിരുന്ന കല്യാണി മേനോൻ എന്ന നാട്ടുകാരിയോടാണ് എന്ന് ഉണ്ണി സമ്മതിക്കുന്നു.

ജമ്പ് കട്ട് ടു നായികയുടെ ഇൻട്രോ: ഒരു ദൂരയാത്ര കഴിഞ്ഞു പാട്ടും പാടി കളിച്ചു ചിരിച്ചു വരുന്ന നായിക; കൈയിൽ പെട്ടിയുണ്ട്, പക്ഷെ മേക്കപ്പ് ഒക്കെ പെർഫെക്റ്റ് ആണ് – ഒരു ദൂരയാത്ര ചെയ്തതിന്റെ ഒരു ലക്ഷണവുമില്ല. ഇൻട്രോ പാട്ടിന്റെ ഇടയിൽ കല്യാണി ഫുൾ ടൈം ഇടുക്കി ഗോൾഡ്  ലെവലിൽ ചിരിക്കുന്നു, ക്രിക്കറ്റ് കളിക്കുന്നു, അങ്കിൾ തൊഴിലാളി യൂണിയനിലെ അംഗങ്ങളുടെ തലയിൽ സ്നേഹപൂർവ്വം കൊട്ടുന്നു.

നായിക ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ബിരുദധാരിയാണ്. പക്ഷെ ഈ കിനാശ്ശേരി ഗ്രാമത്തിലെ എൽപി സ്‌കൂളിൽ ടീച്ചർ ആയിട്ടാണ് പുള്ളിക്കാരി എത്തിയിരിക്കുന്നത്; സംഭവം മറ്റേത് തന്നെ  – നമ്മുടെ നാട്, പുഴ, കുളം, ഹരിതാഭ സിൻഡ്രോം. പിന്നെ ഓക്സ്ഫോർഡിൽ ഒക്കെ പോയി പഠിച്ചത് കൊണ്ട് അതിനോടൊപ്പം നാട് നന്നാക്കാനുള്ള ഒരു പ്രതിബദ്ധതയും(ഇത് എൽപി സ്‌കൂളിലെ സീനിയർ ടീച്ചറുമായുള്ള ഒരു ചാറ്റിൽ എസ്ടാബ്ലിഷ്‌ ചെയ്യുന്നു.)

അങ്ങനെ ഒരു ദിവസം ഉണ്ണി സ്‌കൂളിൽ വരുന്നു; അപ്പോൾ അവിടെ കല്യാണി ഒന്നാം ക്‌ളാസിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്നു: “Twinkle twinkle little star, how I wonder what you are, up above the world so high, like a diamond in the sky”. ഇത് കേൾക്കുന്ന ഉണ്ണി കല്യാണിയെ തിരുത്തുന്നു:

“അയ്യേ കുട്ടി how I wonder അല്ല, how we wonder എന്നാണ് ശരി, കുട്ടി ഇങ്ങനെ “I” മാത്രം പറഞ്ഞു സെൽഫിഷ് ആകരുത്!”

കുട്ടികളുടെ മുൻപിൽ വെച്ച് തേഞ്ഞ കല്യാണി, “ഇതാണ് അതിന്റെ ഓക്സ്ഫോർഡ് വേർഷൻ, മിസ്റ്റർ! യു മൈൻഡ് യുവർ ബിസിനസ്!” എന്ന നമ്പർ ഇട്ട് ഊരാൻ ശ്രമിക്കുന്നു; ഉണ്ണി നെടുനീളൻ ഇംഗ്ളീഷിൽ, കല്യാണിയുടെ മേക്കപ്പ് പോലെ തന്നെ കപടമാണ് അവരുടെ ഓക്സ്ഫോർഡ് ഡിഗ്രി എന്നു പറയുന്നതിന്റെ ഒപ്പം  മാറിടം കുലുക്കുന്നത് പോലെയുള്ള ഒരു അശ്‌ളീല ചേഷ്ടയും കാണിക്കുന്നു; കുരുപൊട്ടിയ കല്യാണി ഉണ്ണിക്കിട്ട് ഒന്ന് പൊട്ടിക്കാൻ കൈ ഓങ്ങുന്നു; അത് പിടിച്ചു നിറുത്തുന്ന ഉണ്ണി, “ഇനി മേലാൽ ഒരാണിന്റെയും നേരെ നിന്റെ കൈ ഉയർത്തിയാൽ..” എന്ന ഭീഷണി ഡയലോഗ് അടിക്കുകയും ചെയ്യുന്നു. തുടർന്ന് പരാതിയുമായി ഹെഡ്മാസ്റ്ററെ സമീപിക്കുന്ന കല്യാണിയോട് ഹെഡ്മാസ്റ്റർ പറയുന്നു:

“കുട്ടീ നമ്മളൊക്കെ ഒരേ മേഖലയിൽ ജോലി ചെയ്യുന്നവരല്ലേ? അവിടെ ഞങ്ങൾ പെണ്ണുങ്ങൾ നിങ്ങൾ ആണുങ്ങൾ എന്നൊക്കെ വേണോ? നമ്മൾ നമ്മൾ എന്ന് മാത്രം പോരെ?”

ഹെഡ്മാസ്റ്ററിന്റെ ന്യായീകരണം കൂടി കേട്ട് ദേഷ്യം കൊണ്ട് സമനില തെറ്റിയ കല്യാണി വീട്ടിൽ പോയി തന്റെ ഫെമിനിസ്റ്റ് ആന്റിയോട് എല്ലാം പറയുന്നു. ആന്റിയെ ഒറ്റ നോട്ടത്തിൽ കണ്ടാലറിയാം “ഫെമിനിസ്റ്റ്” ആണെന്ന് – വിവാഹമോചിത, സ്ലീവ്‌ലെസ്സ് ചുരിദാർ, കണ്ണാടി, ബുക്ക് ഷെൽഫുള്ള മുറി…

ആന്റി അടുത്ത ദിവസം ഉണ്ണിയെഅഭിമൂഖീകരിക്കുന്നു, ശാസിക്കുന്നു; അപ്പോൾ ഉണ്ണിയുടെ കൂട്ടുകാരൻ ചാടി വീഴുന്നു, sexual frustration ആണ് അവരുടെ പ്രശ്‌നം എന്നും പറയുന്നു; തുടർന്നുള്ള തർക്കത്തിന്റെ അവസാനം കൂട്ടുകാരൻ ആന്റിയെ തല്ലുന്നു, ആന്റി ഫെമിനിസ്റ്റ് തസ്തികയിൽ നിന്നും രാജി വെച്ച് സാരിയൊക്കെ ഉടുക്കാൻ തുടങ്ങുന്നു.

മീനവിയൽ, ഉണ്ണി ഒരു ഐഐടി സകലകലാവല്ലഭൻ ആണെന്ന് തിരിച്ചറിഞ്ഞ കല്യാണിക്ക് ഉണ്ണിയോട് കട്ട പ്രേമം; തുടർന്ന് മെലഡി സോങ് – മലമുകൾ, പുഴക്കര, നെൽപ്പാടം, ഹരിതാഭ അങ്ങനെ എല്ലാ ബാക്ഗ്രൗണ്ടിലും പല സെക്സ് പൊസിഷനുകളും ഡെമോ ചെയ്യുന്ന ഉണ്ണിയും കല്യാണിയും (പൊസിഷൻ ഡെമോ മാത്രമേ ഉള്ളു, ആക്ഷൻ ഇല്ല. കാരണം,ആർഷ ഭാരത സംസ്കാരം, സദാചാരം.)

സ്വാഭിവകമായും അടുത്ത പടി വിവാഹം തന്നെ പക്ഷെ അവിടെയാണ് അടുത്ത ട്വിസ്റ്റ്: ഉണ്ണിയുടെ ചെവിയിൽ പൂട പോരാ എന്ന കാരണം കൊണ്ട് കല്യാണിയുടെ തറവാടിന് യോജിക്കുന്ന സ്റ്റാൻഡേർഡ് ഇല്ലത്രേ! ഇത് ഒരു വെല്ലുവിളിയായി എടുക്കുന്ന ഉണ്ണി, 50 വർഷമായി മുടങ്ങി കിടക്കുന്ന, കിനാശ്ശേരി ക്ഷേത്രത്തിലെ ഉത്സവം നടത്താൻ തീരുമാനിക്കുന്നു. അത് തടയാനായി കല്യാണിയുടെ അമ്മാവന്മാരും കസിൻസും അടങ്ങുന്ന ഒരു കൊട്ടേഷൻ സംഘം ആഞ്ഞു ശ്രമിക്കുന്നു; അടി ഇടി വെടി പുക.

ഉത്സവം കെങ്കേമമായി നടത്തിയ ഉണ്ണി ഒരു സംഭവമാണ് എന്ന് മനസ്സിലാക്കുന്ന കല്യാണിയുടെ വീട്ടുകാർ, അവളെ ഉണ്ണിക്ക് കൊടുക്കുന്നു.

കൂട്ടുകാരൻ ഒരു ചളുവടിക്കുന്നു.

സിൽമ തീരുന്നു.

[ഈ 90s സിൽമാ മാസ്റ്റർപ്ലാനിന്റെ ഏറ്റവും വലിയ പ്രത്യേകത എന്താന്ന് വെച്ചാൽ ഇത് തികച്ചും സെക്യൂലർ ആണ് എന്നുള്ളതാണ്!

ഉദാഹരണം: “ഉണ്ണി വർമ്മ” എന്ന നായകനെ വളരെ ഈസിയായിട്ട് “സണ്ണി ജോൺ കുരിശിങ്കൽ” ആക്കാം, അമ്മ ദോശ ചുടുന്നതിന് പകരം അപ്പവും മുട്ടക്കറിയും ഉണ്ടാക്കുന്നത് കാണിക്കാം, പെങ്ങള് ടൈപ്പ് റൈറ്റിംഗ് ക്‌ളാസ്സിന് പോകുന്നതിന് പകരം പള്ളിയിൽ പോകുന്നത് കാണിക്കാം, ക്ഷേത്രത്തിലെ ഉത്സവത്തിന് പകരം പള്ളി പെരുന്നാൾ ആക്കാം..

സംഭവം വളരെ സിംപിൾ ആണ് – നായർ തറവാടിന്റെ പ്രതാപത്തെ മാറ്റി വെച്ചിട്ട്ട് ആ ഗ്യാപ്പിൽ “തോമാശ്ലീഹാ മാമ്മോദീസാ മുക്കിയ നമ്പൂരിമാരുടെ പിന്മുറക്കാർ” എന്ന ഡോൾബി നിറയ്ക്കുക.

പക്ഷെ സെക്യൂലറിസത്തിന് അതിർവരമ്പുകൾ ഉണ്ട്: നായകൻ മുസ്‌ലിം ആയാൽ ബുദ്ധിമുട്ടാണ്; അഥവാ അങ്ങനെ ആണെങ്കിൽ തന്നെ ഏറ്റവും കുറഞ്ഞത് അഞ്ചാറ് ഇൻഡോ-പാക് യുദ്ധത്തിൽ ഒക്കെ പങ്കെടുത്ത് കാക്കത്തൊള്ളായിരം മെഡൽ മേടിച്ച പട്ടാള ആപ്പീസറോ മറ്റോ ആകണം. അല്ലെങ്കിൽ നായകന്റെ അമ്മ ഒരു ബ്രാഹ്മണ സ്‌ത്രീയോ അച്ചായത്തിയോ ആയിരിക്കണം.]

അഭിനേതാക്കളെ തിരഞ്ഞെടുക്കാൻ ഉള്ള ഒരു ready reckoner template-ഉം കുമ്മാട്ടിക്കാസ് തരുന്നുണ്ട്:

ഉണ്ണി വർമ്മ – മോഹൻലാൽ / മമ്മൂട്ടി / ജയറാം / സുരേഷ് ഗോപി. ആരേം കിട്ടിയില്ലെങ്കിൽ മുകേഷ്.
അമ്മ – കവിയൂർ പൊന്നമ്മ / രേണുക / ഫിലോമിന
പെങ്ങൾ – ഏതെങ്കിലും സീരിയൽ ആർട്ടിസ്റ്റ്, ആരായാലും ഒരു കുഴപ്പവുമില്ല
കല്യാണി – നല്ല വെളുത്ത ഏതെങ്കിലും ഒരു നടി. സർക്കസ് കൂടാരം, കുരങ്ങൻ. അത്രേയുള്ളു.
കൂട്ടുകാരൻ – ജഗദീഷ് / ജഗതി / ഹരിശ്രീ അശോകൻ
കല്യാണിയുടെ അച്ഛൻ – ജനാർദ്ദനൻ / നരേന്ദ്ര പ്രസാദ് / രാജൻ പി ദേവ്
ഫെമിനിസ്റ്റ് ആന്റി – സുകുമാരി / പൊന്നമ്മ ബാബു
കല്യാണിയുടെ അമ്മാവന്മാർ – ഭീമൻ രഘു / കുണ്ടറ ജോണി
ആൽമരം അങ്കിൾസ് – ശങ്കരാടി ആൻഡ് ടീം
ഉപദേശി ഹെഡ്മാസ്റ്റർ – സിദ്ദിഖ്

Find the original English version by Arya Prakash, here 🙂

//pagead2.googlesyndication.com/pagead/js/adsbygoogle.js

(adsbygoogle = window.adsbygoogle || []).push({
google_ad_client: “ca-pub-9996376600733489”,
enable_page_level_ads: true
});

6 thoughts on “മലയാളം സിനിമ ’90കളിൽ: സമഗ്രമായ ഒരു പഠനം

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s