ചന്ദ്രോത്സവം: ഒരൊന്നൊന്നര പ്രണയം

ˇcu

പ്രണയത്തെ ആസ്പദമാക്കിയ മലയാളം സിൽമകൾ എല്ലാം കൂടെ ചേർന്ന് ഒരു സംഘടനയുണ്ടാക്കിയാൽ അതിന്റെ പോളിറ്റ്ബ്യുറോയിൽ ഇരിക്കാൻ പോന്ന സിൽമയാണ് ചന്ദ്രോൽസവം.

ഈ സിൽമയിലെ പ്രണയം എന്നൊക്കെ പറഞ്ഞാൽ അത് സാദാ പ്രണയമൊന്നുമല്ല.
പളുങ്ക് പോലെയുള്ള നായികാനായകന്മാർ പളുങ്ക് പോലെയുള്ള ഉദാത്ത പ്രേമത്തിൽ ഏർപ്പെടുന്ന ഒരൊന്നൊന്നര സ്‌കീം ആണ്.

ശ്വാസകോശവും ദേശീയഗാനവും കഴിഞ്ഞു ഒന്ന് ഇരിപ്പുറപ്പിക്കുന്നതിന് മുൻപ് തന്നെ ഈ പടത്തിന്റെ പ്രധാന പ്രമേയം പിടികിട്ടും: സമൂഹത്തിലെ സ്ത്രീകളുടെ വില കാലിച്ചാക്കിനേക്കാൾ താഴെയാണ്. (സംവിധായകൻ രഞ്ജിത്ത് “ഹൗ ടു ബി അൻ ഇന്റലെക്ച്വൽ?” ഗൂഗിൾ ചെയ്ത് തുടങ്ങിയിട്ടേയുള്ളൂ, ഈ സിൽമ പിടിക്കുന്ന കാലഘട്ടത്തിൽ)

അതായത്, പ്രശാന്ത സുന്ദരമായ (രാവിലെ പക്ഷികൾ ഇടയ്ക്കയുടെ ബിജിഎം ഇട്ട് വയലുകൾക്ക് മുകളിലൂടെ പറക്കുന്ന) ഒരു ഗ്രാമത്തിലെ സകല ആൺതരികളിലും “മോഹം അങ്കുരിപ്പിക്കുന്ന” ഒരു ശരീരം മാത്രമാണ് നായിക ഇന്ദു. അവർക്കാണെങ്കിൽ കട്ട പ്രണയം, ചിറക്കൽ ശ്രീഹരി എന്ന നായകനോട്. ഇതാണെങ്കിൽ നാട്ടാർക്കെല്ലാം അറിയുകയും ചെയ്യാം.

“ആരാണീ ശ്രീഹരി?” എന്ന് പ്രേക്ഷകർ ചിന്തിച്ചു തുടങ്ങുമ്പോളേക്കും ദാ വരുന്നു ഒരു മധ്യവയസ്‌കൻ.
(മദ്യ വയസ്‌കനും – ആള് നല്ല കിണ്ടിയാണ്)
പുള്ളിയാണെങ്കിൽ ഇന്ദുവിനോടുള്ള (നഷ്ട)പ്രണയത്തെ പറ്റി അതിഭീകര ശോകം.
ഓ മൈ ഗോഡ്. അപ്പൊ ഇതാണ് ആ ശ്രീഹരി.
ശോകത്തിന്റെ കാരണം: അന്ന് ഇന്ദുവിന്റെ വിവാഹമാണ്, വേറെ ഏതോ ഒരു അലവലാതിയുമായി. അതും വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി.

പക്ഷെ ആള് ജഗജില്ലിയാണെങ്കിലും പോയി യുദ്ധം ചെയ്ത് ഇന്ദുവിനെ സ്വന്തമാക്കാനൊന്നും ശ്രീഹരിക്ക് വയ്യ. കാരണം അത് “വിപ്ലവം” ആണത്രേ. ഒരു വിപ്ലവം പളുങ്ക് പോലെയുള്ള ഇന്ദുവിന് താങ്ങാനാവില്ല അത്രേ. ശ്രീഹരി വേറെ ലെവൽ ആണ്.

വിവാഹപന്തലിൽ നിന്നും ഇറങ്ങി വരുന്ന വഴിയിൽ ഒരു ഗുണ്ട ഇന്ദുവിന്റെ വരനെ വെട്ടുന്നു, ഇത് ശ്രീഹരിയുടെ കൊട്ടേഷനാണ്‌ എന്ന് വിളിച്ചു പറയുകയും ചെയ്യുന്നു. അങ്ങനെ ദേവദാസ് സീൻ പ്ലാൻ ചെയ്ത ശ്രീഹരി സെൻട്രൽ ജയിലിലും, ഹണിമൂൺ തൊഴിലുറപ്പ് പദ്ധതി സ്വപ്നം കണ്ട ഇന്ദുവിന്റെ ഭർത്താവ് ടൂൾസ് നഷ്ടപ്പെട്ട് ഷെഡ്‌ഡിലും ആയി.

 

പിന്നെ കാണിക്കുന്നത് കുറെ വർഷങ്ങൾക്ക് ശേഷം കുട്ടിരാമൻ അഥവാ “കെ.ആർ.” എന്ന ഓഞ്ഞ കപട ബുദ്ധിജീവി നോവലിസ്റ്റ്, ഒരു പറ്റം പിള്ളേരോട് ശ്രീഹരിയുടെയും ഇന്ദുവിന്റേയും പളുങ്ക് പോലത്തെ പ്രണയത്തെ പറ്റി സ്റ്റഡി ക്‌ളാസ്സ് എടുക്കുന്നതാണ്. പ്രഥമദൃഷ്ട്യാൽ ഈ കഥാപാത്രത്തിന്റെ ആവശ്യം പ്രേക്ഷകർക്ക് കത്തില്ല.

എറണാകുളത്തെ നോർത്ത് ഇന്ത്യൻ ഹോട്ടലിൽ കയറിയ അങ്കമാലിക്കാരൻ, പൊറോട്ടക്ക് കറിയായി വെജിറ്റബിൾ കുറുമ എടുക്കട്ടെ എന്ന വെയിറ്ററിന്റെ ചോദ്യത്തിന് ഉത്തരമായി ഒറ്റ വാക്കിലുള്ള ഒരു മറു ചോദ്യം ചോദിച്ചത്രേ: “എന്തൂട്ടിന്?!” ഇതിനെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയാൽ എന്താണ്ട് ഇങ്ങനെയിരിക്കും: “വാട്ട് ഇസ് ദി പോയിന്റ്‌ ഓഫ് ദിസ് ഷിറ്റ്, ബ്രോ?!”

ഇത് തന്നെയാണ് കെ.ആർ എന്ന കഥാപാത്രത്തോട് പ്രേക്ഷകർക്ക് തോന്നുന്ന ആദ്യത്തെ സ്വാഭാവിക പ്രതികരണം.

പക്ഷെ ഒന്ന് കൂടെ ആലോചിച്ചാൽ കാര്യം പിടികിട്ടും: ഈ കഥാപാത്രം രഞ്ജിത്തിന്റെ ഒരു സൈക്കോളജിക്കൽ മൂവ് ആണ്.

രണ്ടുദ്ദേശങ്ങൾ ഉണ്ട് ഇതിന്റെ പിന്നിൽ. ഒന്ന്, “കെ.ആർ.” ഒരു ഓൺ സ്റ്റേജ് നറേറ്റർ ആണ് – ഈ പശുബെൽറ്റ് നേതാക്കൾ കക്കൂസ് കാണാനായി കേരളസന്ദർശനം നടത്തുമ്പോൾ അവരുടെ പ്രസംഗങ്ങൾ കേരളത്തിലെ നിരക്ഷരർക്ക് മനസിലാക്കി കൊടുക്കാൻ ആയി ഉള്ളി സുരയെ സ്റ്റേജിൽ വിളിക്കുന്നത് പോലെ.

രണ്ട്, ഈ കഥാപാത്രം രഞ്ജിത്തിന്റെ സിൽമയിൽ രഞ്ജിത്തിനെ പറ്റി തന്നെയുള്ള meta reference ആണ്. എളിയ മനുഷ്യനാണദ്ദേഹം.

അപ്പൊ സംഭവം എന്താന്ന് വെച്ചാൽ, ശ്രീഹരി തിരികെ വരികയാണ്.
“സെൻട്രൽ ജയിലിൽ നിന്നാണ്” എന്ന് നിങ്ങൾ കരുതിയെങ്കിൽ നിങ്ങൾ പോയി വല്ല 1987-ഇലെ മമ്മൂട്ടി ജോഷി പടവും കാണൂ! ഇത് രഞ്ജിത്തിന്റെ പടമാണ് ഹേ! രഞ്ജിത്തിന്റെ നായകന്മാർ വിയ്യൂർ ജയിലിൽ നിന്നിറങ്ങിയാലും പാരീസ് – ആംസ്റ്റർഡാം വഴിയേ ഒറ്റപ്പാലത്തു വരൂ എന്ന് അറിയാത്ത നിങ്ങൾ ഒക്കെ എന്തൊരു ദുരന്തം ആണ്!

ശ്രീഹരി പാരിസിൽ നിന്നും കൊണ്ട് വരുന്ന ഡ്യൂട്ടി ഫ്രീ കുപ്പിയും സ്വപ്നം കണ്ടിരുന്ന വെടിപറയൽ സംഘം (എല്ലാ ജാതി മത സംഘടനകൾക്കും തുല്യ അംഗത്വമുള്ള മൾട്ടി കൾച്ചറൽ സംഘം ആണ്, സാധാരണ കാണാറുള്ള രഞ്ജിത്യൻ കരയോഗം ഗ്രൂപ്പല്ല) പക്ഷെ മൂഞ്ചി – ശ്രീഹരി കുപ്പി പോയിട്ട് ഒരു സ്പെയർ ജെട്ടി പോലും ഇല്ലാതെയാണ് വന്നിരിക്കുന്നത്. പിന്നെ കൊണ്ടുവന്ന ഒരു ഐറ്റം ഉണ്ട്: മണിച്ചിത്രത്താഴിലെ ഗംഗയുടെ രോഗം – രാവിലെ എണീക്കുമ്പോൾ സാഗർ കോട്ടപ്പുറം, ഉച്ചയൂണ് കഴിഞ്ഞാൽ ഡോക്ടർ സണ്ണി, വൈകിട്ടായാൽ പിന്നെ കണിമംഗലം ജഗന്നാഥൻ തമ്പുരാൻ – ഇങ്ങനെ ചറപറാ മാറിക്കൊണ്ടിരിക്കുന്ന പേഴ്‌സണാലിറ്റി.

എല്ലാ പേഴ്‌സണാലിറ്റിയിലും സ്ഥായിയായി ഉള്ള ഒറ്റ ഐറ്റം മാത്രമേ ഉള്ളു: ഒരു ചുമന്ന പാന്റ്. കണ്ടാൽ പട്ടി കഞ്ഞികുടിക്കില്ല, ആ ടൈപ്പ് സാധനം.

ശ്രീഹരിയുടെ സംഭാഷണം വേറെ ലെവൽ ആണ്.

ഇപ്പൊ, “ഹലോ, എന്തൊക്കെയുണ്ട്?” എന്ന് ആരെങ്കിലും ചോദിച്ചാൽ ശ്രീഹരിയുടെ ഉത്തരം ഇങ്ങനെ:

“എന്താണുള്ളത് എന്ന് ചോദിച്ചാൽ ഇപ്പൊ എന്താ പറയുക? മുകളിൽ മേൽക്കൂരയുണ്ട്. അതിന്റെ മുകളിൽ ആകാശമുണ്ട്, അവിടെ പറക്കുന്ന പക്ഷികളുണ്ട്, ചില പക്ഷികൾ പശുക്കളുടെ പുറത്തു വന്നിരിക്കും, നമ്മൾ പൊറോട്ടയോടൊപ്പം പശുവിനെ കഴിച്ചാൽ സങ്കികൾ നമ്മളെ കൊല്ലും.. അങ്ങനെ പലതും ഉണ്ട്..” (വീണയോ തംബുരുവോ ബിജിഎം)

അങ്ങനെയിരിക്കുമ്പോൾ ശ്രീഹരി പഴയ കൊട്ടേഷൻ ഗുണ്ടയെ പഞ്ഞിക്കിട്ട് അവനെക്കൊണ്ട് പറയിപ്പിക്കുന്നു: കൊട്ടേഷൻ ശ്രീഹരിയല്ല കൊടുത്തത് എന്ന്. (കോപ്പ്. ഈ ഇടി പടം തുടങ്ങിയപ്പോ തന്നെ കൊടുത്താരുന്നേൽ ഈ പടമേ ഉണ്ടാവില്ലായിരുന്നല്ലോ?)
എന്തായാലും വില്ലൻ ആരാണ് എന്ന് പിടികിട്ടി: ഇന്ദുവിന്റെ ശാരീരത്താൽ “മോഹം അങ്കുരിക്കപ്പെട്ട”, ആ ഗ്രാമത്തിലെ ഒരു വേദനിക്കുന്ന കോടീശ്വരൻ മാടമ്പി.

അധികം വൈകാതെ ടൂൾസ് ഒടിഞ്ഞു കിടപ്പിലായ ഇന്ദുവിന്റെ ഭർത്താവിനെ വില്ലൻ കൊല്ലുന്നു – പക്ഷെ മരണ മൊഴിയായി അദ്ദേഹം ഇന്ദുവിന്റെ ചാരിത്ര്യ സർട്ടിഫിക്കറ്റ് ശ്രീഹരിക്ക് കൈമാറുന്നു. ആരോരുമില്ലാത്ത ഇന്ദു ശ്രീഹരിയുടെ വീട്ടിലേക്ക് താമസം മാറുന്നു.

ഇവിടെയാണ് രഞ്ജിത്തിന്റെ അടുത്ത സൈക്കോളജിക്കൽ മൂവ്: പളുങ്ക് പോലെയുള്ള പ്രണയത്തിന്റെ കഥയിൽ നായകനും നായികയും ലിവ് ഇൻ റിലേഷൻഷിപ്പോ?! ഒരിക്കലും പാടില്ല! അങ്ങനെയൊരു സെറ്റപ്പ് ബ്ലോക്ക് ചെയ്യാൻ വേണ്ടി ശ്രീഹരിയുടെ അച്ഛന്റെ പഴയ കാമുകി (രഞ്ജിത്ത് ആരാ മോൻ!), ഒരു ചാരിത്ര്യ പോലീസ് ആയി അവരോടൊപ്പം താമസം തുടങ്ങുന്നു.

അങ്ങനെ പടം തീർന്നു എന്ന് പ്രേക്ഷകർ ചിന്തിക്കുമ്പോളേക്കും ദാ വരുന്നു അടുത്ത കഥാപാത്രം: ദുർഗ്ഗ ഫ്രം ഡൽഹി.
ശ്രീഹരിയുടെ രോഗം ന്യൂറോസിസിൽ നിന്നും പുരോഗമിച്ചു സൈക്കോസിസിന്റെ പ്രാന്ത പ്രദേശങ്ങളിൽ എത്തി നിൽക്കുകയാണെന്നും, ഡൽഹിയിലെ ചികിത്സക്കിടയിൽ ഓടിപ്പോന്നതാണ് എന്നും പുള്ളിക്കാരി വെടിപറയൽ സംഘത്തോട് പറയുന്നു.
ശ്രീഹരിയെ കൊണ്ടുപോകാൻ ഫ്ലൈറ്റ് ടിക്കറ്റ് ഒക്കെ ബുക് ചെയ്ത് റെഡിയായിട്ടാണ് ദുർഗ്ഗ വന്നിരിക്കുന്നത്.

പടം തീരാൻ സ്കോപ് ഉണ്ടായിരുന്നു -പക്ഷെ വില്ലനെ ഇടിക്കാതെ എങ്ങനെ ലാലേട്ടന്റെ പടം തീരും? ഫാൻസ്‌ എന്ത് വിചാരിക്കും?

അത് കൊണ്ട്, നമ്മുടെ മാടമ്പി വില്ലൻ ഇന്ദുവിനെ കിഡ്നാപ് ചെയ്യുന്നു. എന്നിട്ട് വിവാഹ സാരിയൊക്കെ ഉടുപ്പിച്ചു തൊഴിലുറപ്പ് പദ്ധതിക്കുള്ള തയ്യാറെടുപ്പ് തുടങ്ങുന്നു. (ടിജി രവിയും ഉമ്മറും ഒക്കെ ചെയ്യുമ്പോൾ നമ്മൾ “ബലാത്സംഗം” എന്ന് പറഞ്ഞിരുന്ന അതെ സംഭവം പക്ഷെ രഞ്ജിത്തിന്റെ ഇന്റലെക്ച്വൽ പടമായത് കാരണം “രാവണൻ സീതയെ തട്ടികൊണ്ട് പോയ പോലെ” എന്നൊക്കെ പറഞ്ഞു വില്ലന്റെ ന്യായീകരണവും ഉണ്ട്. )

പക്ഷെ കൃത്യസമയത്തു ശ്രീഹരി ലാൻഡ് ചെയ്യുന്നു, വില്ലനെ ഇടിച്ചു സൂപ്പാക്കുന്നു, ആ ചാരിത്ര്യ സർട്ടിഫിക്കറ്റിന്റെ വാലിഡിറ്റി നഷ്ടപ്പെടാതെ സൂക്ഷിക്കുന്നു.

ദുർഗ്ഗയും ശ്രീഹരിയും ഇന്ദുവും യാത്രയാകുന്നു. ഒറ്റപ്പാലത്തു നിന്നും ഡൽഹിയിലേക്ക്. പാരിസ് – ആംസ്റ്റർഡാം വഴി.

ശുഭം.

എന്തിനാണ് ഈ സിൽമക്ക് “ചന്ദ്രോത്സവം” എന്ന് പേരിട്ടതെന്ന് മാത്രം ഒരു എത്തും പിടിയും കിട്ടുന്നില്ല.

കുറെ കൂടെ പറ്റിയ പേര് “വെജിറ്റബിൾ കുറുമ” എന്നായിരുന്നു.

കാരണം, “വാട്ട് ഇസ് ദി പോയിന്റ് ഓഫ് ദിസ് ഷിറ്റ് ബ്രോ?”

English version of this review by @aryaprakash030 can be found here

 

One thought on “ചന്ദ്രോത്സവം: ഒരൊന്നൊന്നര പ്രണയം

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s