1995-2000 കാലഘട്ടത്തിൽ മലയാളം സിൽമാ ലോകത്തു രണ്ട് വൻ ട്രെൻഡുകൾ ഉത്ഭവിച്ചതായി കാണാം:
ഒന്ന്: ദേവാസുരം, ആറാം തമ്പുരാൻ, നരസിംഹം എന്നിങ്ങനെ പോയ “തമ്പുരാൻ” സിൽമകൾ.
രണ്ട്: അനിയത്തിപ്രാവ്, നിറം, ഹരികൃഷ്ണൻസ് എന്നിങ്ങനെ പോയ “ഊള ഫ്രെണ്ട്ഷിപ്പ്” സിൽമകൾ.
അങ്ങനെ ഇരുപതാം നൂറ്റാണ്ടിന്റെ ഒടുക്കത്തിൽ ഉണ്ടാകും എന്ന് പ്രവചിക്കപ്പെട്ട മൂന്ന് ദുരന്തങ്ങളെയും -ഇന്ത്യ പാകിസ്ഥാൻ യുദ്ധം, Y2K ബഗ്, മില്ലേനിയം സ്റ്റാർസ് സിൽമ – തരണം ചെയ്ത മലയാളം സിൽമാ, പുതിയ നൂറ്റാണ്ടിനെ വരവേറ്റത് ഒരു പുത്തൻ ആശയവുമായിട്ടാണ്: അതായത്, മേൽപ്പറഞ്ഞ രണ്ട് ട്രെൻഡുകളുടെയും ഒരു ഫ്യൂഷൻ.
തമ്പുരാൻ സിൽമയും ഊള ഫ്രെണ്ട്ഷിപ്പ് സിൽമയും കൂടെ ബാറിൽ പോയി അടിച്ചു കിണ്ടിയായി കൺട്രോൾ പോയി. രാവിലെ ബോധം വന്നപ്പോൾ നടുവിൽ ഒരു കുഞ്ഞു കിടക്കുന്നു.
തമ്പുരാൻ സിൽമകളുടെ മാടമ്പിത്തരവും ഫ്രെണ്ട്ഷിപ്പ് സിൽമകളുടെ ഊളത്തരവും സമാസമം ചേർന്നുണ്ടായ ആ കുഞ്ഞാണ് 2001-ഇൽ പുറത്തിറങ്ങിയ “ദോസ്ത്”.
2019-ഇലെ കേരളത്തിലെ രമേഷ്ജീ – ശ്രീധരൻജീ ഫ്രെണ്ട്ഷിപ്പ് പോലെ തന്നെ.
കോളേജ് മാനേജ്മെന്റിൽ കരയോഗത്തിനുള്ള പിടിയുടെ പുറത്തു മാത്രം എഞ്ചിനീയറിംഗ് സീറ്റ് ഒപ്പിച്ച ശേഷം കോളേജിൽ എത്തുന്ന പൗഡർ കുട്ടപ്പൻ നായകൻ.
വർഷങ്ങളായി അതേ കോളേജിൽ തലകുത്തി നിന്നിട്ടും ഫസ്റ്റ് ഇയറിലെ ഒരു പേപ്പറിൽ മാത്രം പാസ്സ്മാർക്ക് കിട്ടിയ, അധികം മിണ്ടാത്ത, കോളേജിലെ ആസ്ഥാന ക്രിമിനൽ (ആക്രി)
പൗഡർ കുട്ടപ്പൻ കോളേജിൽ ലാൻഡ് ചെയ്ത ആദ്യ മിനിറ്റിൽ കാണുന്ന കാഴ്ച: ഒറ്റനോട്ടത്തിൽ ജയസൂര്യയുമായി നല്ല രൂപസാദൃശ്യമുള്ള ഏതോ ഒരുത്തനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തല്ലി പഴുപ്പിക്കുന്ന ആക്രി. മുൻപും പിൻപും നോക്കാതെ ചാടി ഇടയ്ക്ക് കയറി ആസ്ഥാന ക്രിമിനലിനെ തടയുന്ന പൗഡർ കുട്ടപ്പൻ ഒരു മാസ് ഡയലോഗ് വിടുന്നു: “ഇത് കോളേജ് ആണോ, അതോ ചന്തയാണോ?”
മഞ്ചേശ്വരം മുതൽ പാറശാല വരെയുള്ള എല്ലാ സെന്ററുകളിലും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് ഇടിച്ചു കയറിയ കോളേജ് പ്രിൻസിപ്പാൾമാരും ലെക്ചർർമാരും ഈ രംഗം സ്ക്രീനിൽ വരുമ്പോൾ സീറ്റിന് മുകളിൽ കയറി നിന്ന് കൈയ്യടിക്കുകയായിരുന്നുവത്രേ.
തുടർന്നങ്ങോട്ട് എങ്ങനെയെങ്കിലും ആസ്ഥാന ക്രിമിനലിന്റെ ബെസ്റ്റ് ഫ്രെണ്ട് ആകുക എന്ന ലക്ഷ്യത്തോടെ പൗഡർ കുട്ടപ്പൻ പല നമ്പരുകളും ഇറക്കുന്നു: ടെന്നീസ് ചാമ്പ്യൻ ആയ പൗഡർ കുട്ടപ്പൻ, റാക്കറ്റ് എന്ന് പറഞ്ഞാൽ കള്ളനോട്ട് റാക്കറ്റ് അല്ലെ ജീ എന്ന് ചോദിക്കുന്ന ആക്രിയോട് ടെന്നിസിൽ തോറ്റ് കൊടുക്കുന്നു…
എറണാകുളം ബൈപ്പാസിൽ (കൊല്ലംകാര് ഞെളിയണ്ടാ, എറണാകുളത്തൊക്കെ പണ്ടേ ബൈപ്പാസുണ്ട്) ഏതോ കൊട്ടേഷൻ സംഘത്തിന്റെ തല്ല് കൊണ്ട് പഞ്ചറായ ആക്രിയെ ചാടി വീണ് രക്ഷിക്കുന്നു… തുടർന്ന് പൗഡർ കുട്ടപ്പനും ആക്രിയും ദോസ്ത് ആകുന്നു. തുടർന്ന്, രണ്ട് പേരും കൂടെ ബൈക്കിൽ കെട്ടിപിടിച്ചു പാട്ട് പാടുന്നു നാട് നീളെ കറങ്ങുന്നു.

അങ്ങനെയിരിക്കുമ്പോൾ നോർത്ത് റെയിൽവേ സ്റ്റേഷനിൽ കാറ്റ് കൊള്ളാൻ പോയ പൗഡർ കുട്ടപ്പൻ ട്രെയിനിൽ നിന്നും ഇറങ്ങിയ ഒരു യുവതിയെ കാണുന്നു. ഓൺ ദി സ്പോട് തീരുമാനമെടുക്കുന്നു: ഇവളെ കെട്ടി, ഞങ്ങൾക്കുണ്ടാകുന്ന കുട്ടികളെ തൃശൂരിൽ പ്രൊഫസർ പിസി തോമസിന്റെ കോച്ചിങ് സെന്ററിൽ എൻട്രൻസ് കോച്ചിങ്ങിന് അയച്ചു ഐഐടി അഡ്മിഷൻ ഒപ്പിക്കണം.
ആ സ്ത്രീ ആരാ എന്താ എവിടുന്നാ പേരെന്താ തുടങ്ങിയ ഒരു കോപ്പും അറിയില്ല, അറിയാനൊട്ട് താല്പര്യവുമില്ല – പക്ഷെ ആദ്യ നോട്ടത്തിൽ തന്നെ അവരെ കെട്ടി പണ്ടാരടക്കാൻ ഉള്ള തീരുമാനം പൗഡർ കുട്ടപ്പൻ എടുത്തു. സ്ത്രീകളോട് അഭിപ്രായമോ സമ്മതമോ ചോദിക്കുന്ന ഒരു ഏർപ്പാട് പൗഡർ കുട്ടപ്പന്റെ വീട്ടിലോ കരയോഗത്തിലോ പണ്ടേ ഇല്ല. ആചാരങ്ങൾ, അതല്ലേ എല്ലാം?
തുടർന്ന് അവരെ പോകുന്ന സ്ഥലങ്ങളിലെല്ലാം പിന്തുടരുക, അവരുടെ ചിത്രം കമ്പ്യൂട്ടറിൽ എഡിറ്റ് ചെയ്യുക, അവരുടെ ഷോളിൻറ്റെ കഷ്ണം മോഷ്ട്ടിച്ചു അതുമായി മുറിക്കുള്ളിൽ ഇരുന്ന് ഷോ… അല്ലെങ്കി വേണ്ട… “യോഗ ചെയ്യുക” – അങ്ങനെ ഒരു എല്ലാം തികഞ്ഞ ഞരമ്പ് രോഗി ആയി മാറുന്നു പൗഡർ കുട്ടപ്പൻ.
ഞരമ്പ് രോഗം മൂർച്ഛിച്ച പൗഡർ കുട്ടപ്പനോട് നായികയ്ക്ക് അനുരാഗം മുളയ്ക്കുന്നു.
ഇവിടെയാണ് ട്വിസ്റ്റ്: ഈ സ്ത്രീ – ഗീതു – ആസ്ഥാന ക്രിമിനലിന്റെ ഇളയ സഹോദരിയാണ്. ഇവിടെ ഫ്ലാഷ്ബാക്ക് – സൽസ്വഭാവിയും സൽഗുണ സമ്പന്നനും കരയോഗത്തിന്റെ ഐശ്വര്യവും ആയിരുന്ന ഗീതുവിന്റെ ചേട്ടൻ എങ്ങനെ ഈ പക്കാ ക്രിമിനലായി എന്നതിന്റെ ഫ്ലാഷ്ബാക്ക്.
അതായത്, പുള്ളിക്കാരന് ഗീതുവിനെ കൂടാതെ മറ്റൊരു സഹോദരി കൂടി ഉണ്ടായിരുന്നു. പണ്ട് മുതലേ വീട്ടിലെ സ്ത്രീകൾ സ്വന്തം അഭിപ്രായം പറയുന്നതിനോടോ സ്വയം തീരുമാനങ്ങൾ എടുക്കുന്നതിനോടോ യോജിപ്പില്ലാത്ത ഇയ്യാളും കുടുംബവും ഇയ്യാളുടെ അന്നത്തെ ബെസ്റ്റ് ദോസ്തിനോടൊപ്പം വീഗാ ലാൻഡ് കാണാൻ പോകുന്നു. തുടർന്ന്, മേൽപ്പറഞ്ഞ സഹോദരിയും ഈ പറഞ്ഞ അന്നത്തെ ബെസ്റ്റ് ദോസ്തും ഒളിച്ചോടി വിവാഹം കഴിക്കുന്നു. അങ്ങനെയാണ് പട്ടാമ്പി സ്റ്റേഷൻ ഉണ്ടായതും പുള്ളിക്കാരൻ ക്രിമിനലായതും ഇനിയൊരിക്കലും ആരുടേയും ദോസ്ത് ആവില്ല എന്ന് പ്രതിജ്ഞയെടുത്തതും.
ഫ്ലാഷ്ബാക്ക് ഒക്കെ കേട്ട പൗഡർ കുട്ടപ്പന് ആകെ കൺഫ്യൂഷൻ.
ശബരിമല വിഷയത്തിൽ അഭിപ്രായം പറയേണ്ടി വന്ന കെപിസിസിയുടെ അവസ്ഥ: “വേണ്ടണം”
ഗീതുവിനോട് ഉള്ള ആത്മാർത്ഥതയാണോ ആസ്ഥാന ക്രിമിനലിനോടുള്ള ദോസ്തിയാണോ വലുത്?
പക്ഷെ ആസ്ഥാന ക്രിമിനലിന്റെ ബൈക്കിന്റെ പിൻസീറ്റ് യാത്രയുടെ അത്രയും വലുതല്ല മറ്റൊന്നും എന്ന യാഥാർഥ്യം മനസിലാക്കിയ പൗഡർ കുട്ടപ്പൻ പിന്നെ മറ്റൊന്നും ആലോചിച്ചില്ല: ഗീതുവിന്റെ ആധാർ കാർഡ് കീറി.
ഈ ഊളകളുടെ ലോകത്തു ജീവിക്കുന്നതിലും ഭേദം ആത്മഹത്യ ചെയ്യുന്നതാണ് എന്ന് ഗീതു കരുതിയതിൽ അത്ഭുതമില്ല – ആത്മഹത്യാ ശ്രമം നടത്തിയ ഗീതുവിനെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന ആംബുലൻസിനെ തൃശൂർ ബൈപ്പാസിൽ വെച്ച് (വീണ്ടും കൊല്ലംകാരുടെ ശ്രദ്ധയ്ക്ക് – തൃശൂരൊക്കെ ബൈപാസ് വന്നിട്ട് പത്തു മുപ്പത്തഞ്ചു വർഷമായി) പണ്ട് എറണാകുളം ബൈപ്പാസിൽ വെച്ച് സീൻ കോൺട്രയാക്കിയ അതേ കൊട്ടേഷൻ സംഘം ആക്രമിക്കുന്നു.

കൃത്യ സമയത്തു ദാ വരുന്നു, പണ്ട് വീഗാലാൻഡിൽ നിന്നും രണ്ടാമത്തെ സഹോദരിയുടെ കൂടെ മുങ്ങിയ പഴയ ബെസ്റ്റ് ദോസ്ത്!
അടി. ഇടി. “ദോസ്ത് ദോസ്ത്” എന്ന നരസിംഹം സ്റ്റൈലിൽ ഉള്ള ബിജിഎം.
ആശുപത്രിയെലെത്തിയ ഗീതു രക്ഷപെടുന്നു.
അനിയത്തിപ്രാവിലെ അവസാന രംഗത്തിൽ “അവിടെ ഉണക്കിയിട്ടിരിക്കുന്ന പത്തു കിലോ കുരുമുളകും ഇരുപത് റബ്ബർ ഷീറ്റും വേണേൽ നിങ്ങള് കൊണ്ട് പൊയ്ക്കോ!” എന്ന് പറയുന്ന അതെ ടോണിൽ “എന്നാ ഇവളെ നിങ്ങള് കൊണ്ട് പൊയ്ക്കോ!” എന്ന് കെപിഎസി ലളിത പറയുന്ന രംഗത്തിന്റെ ബ്രോ വേർഷൻ ആണ് ഇവിടെ: “ഐസിയുവിൽ കഷ്ടിച്ചു രക്ഷപെട്ട് കിടക്കുന്ന എന്റെ ഈ സിസ്റ്ററിനെ വേണമെങ്കി നീ കെട്ടിക്കോ ഫ്രണ്ടേ, എന്നിട്ട് നമുക്ക് എന്നും എന്റെ ബൈക്കിൽ ബൈപാസ് കാണാൻ പോകാല്ലോ..” (ഏറെക്കുറെ)
(ബിജിഎം: ദോസ്ത് ദോസ്ത് ദോസ്ത് ദോസ്ത് ദോസ്ത് ദോസ്ത്..)
English version of this review by @aryaprakash030 can be found here.
കലക്കി കടുകു വറത്തു 😀
LikeLiked by 1 person
യോ! ബാക് എഗേൻ 🙂
LikeLike
Pwoli mate!
LikeLike
എവിടാരുന്നു ഇത്രയും നാൾ…
LikeLike
Great review. My God can’t believe I watched this shit
LikeLiked by 2 people